ജീവിതത്തിന്‍റെ വ്യത്യസ്ഥ നിമിഷങ്ങളിലൊക്കെ ഒരു സാന്ത്വനത്തിന്‍റെ കുളിര്‍തെന്നലായ്‌ നീ എനിക്കൊപ്പമുണ്ടായിരുന്നു,  നിഴലുപോലെ...  നിലാവുപോലെ...  പക്ഷെ യാത്രക്കിടയില്‍ വഴിവക്കിലെവിടെയോ ആശ്വാസത്തിന്‍റെ ആ കൈതലവും അതിന്‍റെ  തലോടലും എനിക്ക് നഷ്ടപ്പെട്ടുവോ? എന്നെങ്കിലുമൊരുനാള്‍ എവിടെയോ നഷ്ട്ടപ്പെട്ട ആ പ്രണയത്തിന്‍റെ ദീപവുമായി നിന്‍റെ സ്നേഹം പഴയകാല നിറവോടെ മടങ്ങിവരുമെന്ന്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്. സ്വപ്‌നങ്ങള്‍ പലപ്പോഴും മിഥ്യകളായി പോകാറുണ്ടെങ്കിലും, വെറുതെ... വെറുതെ സ്വയം ആശ്വസിക്കാന്‍.

    നിന്നെക്കുറിചോര്‍ക്കുംബോഴൊക്കെ ദുഃഖം മൂടിക്കെട്ടിയ ആകാശത്തിന്‍റെ വിമൂകതയാണെനിക്ക്. എന്തോ നിന്നോടുള്ള  എന്‍റെ വികാരം അങ്ങനെയാണ്. നിശബ്ദതയിലെ പ്രാര്‍ത്ഥനപോലെ ഉള്ളുനിറഞ്ഞതൊഴുകുന്നു. പവിത്രമായ ഗംഗാ തീര്‍ത്ഥംപോല്‍... അവയില്‍ നിറഞ്ഞിരിക്കുന്ന ദുഃഖഭാവം ഒരുപക്ഷെ എന്‍റെ മാത്രം
സ്വകാര്യതയാകാം... ഒരുപക്ഷെ നിന്നോട് മാത്രം പങ്കുവക്കാവുന്നത്... മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ സന്തോഷത്തിന്‍റെ മൂടുപടമണിയുന്നു.എല്ലാം നിനക്കുവേണ്ടി, നിനക്കുവേണ്ടി മാത്രം.
    ഒരുപക്ഷെ അവര്‍ക്കാര്‍ക്കും എന്നെ മനസിലാക്കുവാനാകില്ല, എന്‍റെ മനസിനുള്ളിലെ  ആരുകാണാതെ  ഞാന്‍ ഒളിപ്പിച്ചുവെച്ച ഹൃദയത്തിന്‍റെ നനുത്ത നിനവുകള്‍ അവര്‍ തിരിച്ചറിയുന്നില്ല, അതിലെ മുറിവുകള്‍ അവര്‍ക്ക് മനസിലാക്കാനുമാകില്ല. വാചാലമായ സംസാരത്തിലല്ല, അര്‍ത്ഥഭംഗമായ ഒന്നോരണ്ടോ നോട്ടംകൊണ്ട് നാം അന്യോന്യം തിരിച്ചറിഞ്ഞിരുന്നു... അന്തരാത്മാവിലെ നിലവിളികളും പരിഭവങ്ങളും സന്തോഷങ്ങളൊന്നും നാം പരസ്പരം മറച്ചു വച്ചിരുന്നില്ല.

    മൌനമാണ് പ്രണയത്തിന്‍റെ ഭാഷ എന്ന് കാലത്തോട് തിരുത്തിയെഴുതിയവരാണ് നമ്മള്‍,  മൌനമാണ് ഈ ലോകത്തിലെ ഏറ്റവും നല്ല ഭാഷ എന്ന് തിരിച്ചറിഞ്ഞവര്‍. ഇന്ന് ഞാനറിയുന്നു... പുലരുന്ന ഓരോ പ്രഭാതവും നിനക്കുള്ളതായിരുന്നു, വിരിയുന്ന ഓരോ പൂക്കള്‍ക്കും നിന്‍റെ ഗന്ധമായിരുന്നു, എന്നെ തഴുകിമറഞ്ഞ
ഇളംതെന്നല്‍ നിന്‍റെ സ്പര്‍ശമായിരുന്നു. ഒരു വെറും  വാക്കിനാല്‍ തീര്‍ത്ത ഭ്രമമായിരുന്നില്ല
എനിക്കുനിന്നോടുണ്ടായിരുന്ന പ്രണയം, അതിലെന്‍റെ ജീവനുണ്ടായിരുന്നു... ജീവിതവും...
നിന്‍റെ വശ്യമായ ആ പുഞ്ചിരിയുടെ അഭാവം എന്നില്‍തീര്‍ത്ത ശൂന്ന്യത ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നു. എന്‍റെ മനസിലെ എല്ലാ തിരയിളക്കങ്ങളും എന്നെക്കാള്‍ മനസിലാക്കിയ നീ എന്നെ വിട്ടകന്നതെന്തേ..? 




Leave a Reply.