ഒക്സ്ഫോര്‍ഡും കേംബ്രിഡ്ജും സ്ഥാപിക്കുന്നതിനും വളരെ മുന്‍പ് ഭാരതത്തിലൊരു വിശ്വവിദ്യാലയമുണ്ടായിരുന്നു. നളന്ദ. അറിവിന്റെ അക്ഷയഖനി തേടിയെത്തിയവരുടെ  അഭയസ്ഥാനം.. ഏഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം ലോകത്തിന് മുന്‍പിലെത്തിച്ച മഹാസ്ഥാപനം. കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞ ഈ വിശ്വവിദ്യാലത്തിന്റെ ആത്മാവും പാരമ്പര്യവും  പുനര്‍ജനിക്കുകയാണ്...

നളന്ദയുടെ ചരിത്രവീഥികള്‍ ...

ബീഹാറിന്റെ  തലസ്ഥാനമായ പട്നയില്‍നിന്നും 88 കിലോമീറ്റര്‍ അകലെയായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്. ഗുപ്തസാമ്രാജ്യത്തിന്റെ കീഴില്‍ അഞ്ചാംനൂറ്റാണ്ടിലാണ് നളന്ദ സര്‍വ്വകലാശാല രൂപീകൃതമാകുന്നത്. കുമാരഗുപ്തനാണ് സര്‍വകലാശാല പണികഴിപ്പിക്കുന്നതിന് നേത്രത്വം നല്‍കിയതെന്ന് ചരിത്രരേഖകള്‍ പറയുന്നു. പതിനായിരക്കണക്കിന് ആളുകള്‍   ഇവിടെ പഠനം നടത്തിയിരുന്നു, ഏകദേശം രണ്ടായിരത്തിലധികം പണ്ഡിതന്മാരും ഇവിടെ അറിവ് പകര്‍ന്നുകൊടുതിരുന്നു. ഭാരതത്തിലുപരി  അറബ്, ചൈന, പേര്‍ഷ്യ, തിബറ്റ്, തുര്‍ക്കി തുടങ്ങീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ അറിവിന്റെ ഈ മഹാകേദാരത്തില്‍ ഭിക്ഷാംദേഹികളായി അഭയംതേടി എത്തിയിരുന്നു. വിവിധ രാജവംശങ്ങളുടെ ആരംഭത്തിനും തകര്‍ച്ചക്കും സാക്ഷിയായി നളന്ദ നിലകൊണ്ടു. 427 മുതല്‍  1197 വരെ ഏതാണ്ട് 800  വര്‍ഷക്കാലം ഈ സര്‍വകലാശാല തലയെടുപ്പോടെ നിലനിന്നു. പകരംവക്കാനില്ലാത്ത മൂല്ല്യങ്ങളോടെ.

90 കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന ഈ വിശ്വവിദ്യാലയത്തിന്റെ നിര്‍മിതി ആരെയും അത്ഭുതപ്പെടുതുന്നതായിരുന്നു. എട്ട് വലിയ ഭാഗങ്ങളായിട്ടാണ് ഈ വിശ്വവിദ്യാലയം നിനനിന്നിരുന്നത്. ക്ഷേത്രങ്ങള്‍, പഠനമുറികള്‍, പ്രാര്‍ഥനാമുറികള്‍, കുളങ്ങള്‍, വിശ്രമസ്ഥലങ്ങള്‍, വലിയ ലൈബ്രറി എന്നിവ നളന്ദയുടെ ഭാഗമായി നിലകൊണ്ടു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്‍പത്‌ നിലകളുള്ള ഗ്രന്ഥശാല “ധര്‍മഗുഞ്ച്” നളന്ദയുടെ  ഏറ്റവുംവലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു.

പന്ത്രണ്ടുവര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു നളന്ദയിലെത്. ജപ്പാന്‍, കൊറിയ, ചൈന, ഇന്‍ഡോനീഷ്യ, ടിബറ്റ്‌, പേര്‍ഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍  ഇവിടെയെത്തിയിരുന്നു എന്നറിയുബോഴാണ് നളന്ദയുടെ പ്രാധാന്യം മനസിലാവുക. ബുദ്ധമതവും അതിലെ പ്രധാന തത്വസംഹിതകളുമായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. എന്നാല്‍ അധ്യയനം ബുദ്ധമതത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല. വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, രാഷ്ട്രമീമാംസ എന്നുതുടങ്ങി യുദ്ധതന്ത്രങ്ങളെക്കുറിച്ചുവരെ ഇവിടെ പഠനം നടന്നിരുന്നു. ഗുപ്തരാജാക്കന്മാരുടെ ഭരണകാലത്താണ് നളന്ദ അതിപ്രശസതിയിലെതിയത്. ബുദ്ധമതത്തിന്റെ സ്വാതീനംതന്നെയായിരുന്നു ഇതിന്‌ പ്രധാന കാരണം. ബൌധ ധര്‍മ്മത്തെക്കുറിച്ച് പഠിക്കാനായിട്ടാണ് ആളുകള്‍ പ്രധാനമായും വിദേശത്തുനിന്നും നളന്ദയിലെതിയതെന്ന് ചരിത്രകാരന്മാര്‍ രേഖപെടുത്തിയിട്ടുണ്ട്. അശോകനും ഹര്‍ഷവാര്‍ധനും നളന്ദ സര്‍വകലാശാല പ്രശസ്തിയിലെതിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരായിരുന്നു.


വിവിധ വിഷയങ്ങളില്‍ നൈപുണ്യം നേടിയവരായിരുന്നു നളന്ദയിലെ പണ്ഡിതന്‍മാര്‍. അവരുടെ അറിവുകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ഈ സര്‍വകലാശാലയുടെ പണ്ഡിതന്മാരുടെ അറിവിനെക്കുറിച്ച് പ്രത്യേഗം പരാമര്‍ശിക്കുന്നുണ്ട്. ശീലഭദ്ര, ധര്‍മ്മപാല, ചന്ദ്രപാല, ഗുണമതി, ജഞ്യാന്‍ചന്ദ്ര എന്നിവരായിരുന്നു ഇവരില്‍ പ്രധാനികള്‍. ബുദ്ധമത ചിന്തകനും ആയുര്‍വ്വേദാചര്യനുമായ നാഗാര്‍ജ്ജുനും നളന്ദയിലുണ്ടായിരുന്നു.

പ്രമുഖ ചരിത്രകാരന്മാര്‍ പലരും നളന്ദയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സഞ്ചാരികളായിരുന്ന  ഹുയാന്‍സാങ്ങും യി ജിങ്ങും ഇവരില്‍ പ്രമുഖരാണ്. എഴാം നൂറ്റാണ്ടില്‍ നളന്ദ സന്ദര്‍ശിച്ച ഇവര്‍ ഇവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അറിവിന്റെ കൊടുക്കല്‍-വാങ്ങലുകളായിരുന്നു നളന്ദയില്‍ നടന്നിരുന്നത്. സംസ്കൃതഭാഷയിലെ നിരവധി തത്വശാസ്ത്ര സംഹിതകള്‍ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ആര്യഭട്ടനും ബ്രഹ്മഗുപ്തനും വരാഹമിഹിരനും നടത്തിയ പഠനങ്ങള്‍ മറ്റു ഭാഷകളിലും വെളിച്ചം കണ്ടു. നളന്ദയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പല രേഖകളും വൈദേശിക ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെടുകയായിരുന്നു.


കുത്ബുദ്ധീന്‍ ഐബക്കിന്റെ സൈന്യാധിപനായ ബക്തിയാര്‍ ഖില്‍ജിയുടെ പടയോട്ടത്തിലാണ് നളന്ദയുടെ പതനം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിലും ഡല്‍ഹിയിലും ആക്രമണം നടത്തിയതിനുശേഷമായിരുന്നു ഖില്‍ജി നളന്ദയെ ലക്ഷ്യമിട്ടത്. ഒടുവില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും കരിങ്കല്‍സ്തൂപങ്ങളും മാത്രം ബാക്കിയായി. ആയിക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല തീയ്യിടുകയും ചെയ്തു. എന്നാല്‍ ഇന്നും അവശേഷിക്കുന്ന ആ ഗ്രന്ഥശാലയുടെ പുസ്തകങ്ങള്‍ക്ക് പകരംവക്കാന്‍പോന്ന ഒരു സര്‍വകലാശാലയും ലോകത്തില്ലെന്ന്‍ പറയപ്പെടുന്നു. അത്രക്കും സമ്പന്നമായിരുന്നു നളന്ദ. ആക്രമണത്തിനുശേഷം നൂറുവര്‍ഷംകൂടി  നിലനിന്നുവെങ്കിലും നളന്ദ അനിവാര്യമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഗുപ്തന്മാര്‍ക്ക്ശേഷം അധികാരതിലെതിയവര്‍ക്ക് ബുദ്ധമതത്തോടുള്ള താല്‍പ്പര്യം കുറഞ്ഞതും യുറോപ്പ്യന്‍ യുണിവേഴ്സിറ്റികളുടെ ഉദയവും നളന്ദയുടെ തകര്‍ച്ചക്ക് മറ്റുകാരണങ്ങളായി.

പുനര്‍ജനിക്കുന്നു...

2009 ഒക്ടോബറില്‍ തായ് ലന്റില്‍  നടന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് നളന്ദയുടെ പ്രശസ്തി തിരിച്ചുപിടിക്കാനുള്ള നീക്കമാരഭിക്കുന്നത്. സര്‍വകലാശാലയെ ആഗോളപഠനകേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കുപുറമേ നൂസിലാന്റ്, ആസ്ട്രേലിയ എന്നിവരും ഈ ബൃഹദ്പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യവുമായെത്തിയിട്ടുണ്ട്. അറിവ്  സമ്പാദനത്തിന് രാഷ്ട്രമോ ഭാഷയോ തടസമാകരുതെന്ന ഉറച്ചതീരുമാനമാണ് ഈ ഒത്തുചേരലില്‍ പ്രതിഫലിച്ചത്. 2010ല്‍ നളന്ദ യുണിവേഴ്സിറ്റി ബില്‍ പാര്ലമെന്റ് അഗീകരിച്ചതോടെ നടപടികള്‍ കൂടുതല്‍ വേഗത്തിലായി. 1000 ഏക്കര്‍ വിസ്തൃതിയിലാണ് പുതിയ നളന്ദ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏതാണ്ട് 1005 കോടിരൂപയാണ് സര്‍വകലാശാലയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരിക. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രൊഫ. അമര്‍ത്യാസെന്നിന്റെ മേല്‍നോട്ടത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഡോ. ഗോപാ സബര്‍വാളിനെയാണ് നളന്ദ ഇന്റര്‍നാഷണല്‍ യുനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ആയി നിയമിച്ചിരിക്കുന്നത്.

ബൌധപഠനം, ഫിലോസഫി, ചരിത്ര പഠനം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിസിനസ്സ് മാനേജ്‌മെന്റ്‌  പരിസ്ഥിതി പഠനം തുടങ്ങീ അതിവിശാലമായ മേഖലകളില്‍ പഠന-ഗവേഷണങ്ങള്‍ നടത്താന്‍ നളന്ദ അവസരമൊരുക്കും.വിവിധ സംസ്ക്കാരങ്ങള്‍ തമ്മില്‍ കൈകോര്‍ക്കാനും അതുവഴി അറിവിന്റെ അതിരില്ലാത്ത പുതിയൊരു ലോകം സൃഷ്ട്ടിക്കാനും പുതിയ നളന്ദയിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.


( കടപ്പാട് - ഹരിശ്രീ )

Picture
Nalanda University
Picture
New plan for Nalanda International University
വിശ്വവിദ്യാലയം പുനര്‍ജനിക്കുബോള്‍
File Size: 411 kb
File Type: pdf
Download File

9/4/2013 01:58:05 am

Nala presentation ini ith noko http://purpleglide.blogspot.in/

Reply
9/4/2013 02:19:11 am

താങ്ക്സ് ...

Reply
Arun Bhai
9/10/2013 08:09:39 pm

brilliant finding... keep it up

Reply



Leave a Reply.